
ലോസ് ആഞ്ജലിസ്: നിർണായക മത്സരങ്ങളിലെ സ്‌പെയിനിന്റെ വിശ്വസ്തനായ സൂപ്പർ സബ്ബായി മിക്കെൽ മെറീനോ വീണ്ടും തിളങ്ങി. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി ഇറങ്ങിയ താരം രണ്ട് മിനിറ്റിനുള്ളിൽ വിജയഗോൾ നേടി സ്‌പെയിനിനെ സെമിഫൈനലിലെത്തിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. സെമിയിൽ ഫ്രാൻസിനെയാണ് സ്‌പെയിൻ നേരിടുക.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും ആക്രമണത്തിലും വ്യക്തമായ ആധിപത്യം പുലർത്തിയത് സ്‌പെയിനായിരുന്നു. മധ്യനിരയിൽ റോഡ്രിയുടെ കൃത്യമായ നിയന്ത്രണവും ലമിൻ യമാലിന്റെ വേഗമേറിയ മുന്നേറ്റങ്ങളും ബെൽജിയം പ്രതിരോധത്തെ തുടർച്ചയായി സമ്മർദത്തിലാക്കി.
30-ാം മിനിറ്റിൽ ആ സമ്മർദം ഗോളായി. യമാലും പെഡ്രോ പോറോയും ചേർന്നൊരുക്കിയ ആക്രമണത്തിൽ ഡാനി ഓൽമോയുടെ ആദ്യ ശ്രമം തിബോ കോർട്ട്വാ തടഞ്ഞെങ്കിലും തിരിച്ചുവന്ന പന്ത് ഫാബിയാൻ റൂയിസ് വലയിലെത്തിച്ച് സ്‌പെയിനെ മുന്നിലെത്തിച്ചു.
എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് ബെൽജിയം തിരിച്ചടിച്ചു. കെവിൻ ഡി ബ്രുയിനെയുടെ നീക്കത്തിൽ നിന്ന് തിമോത്തി കസ്റ്റാന്യ നൽകിയ ക്രോസ് ഷാർലസ് ഡി കെറ്റെലാറെ മികച്ച ഹെഡറിലൂടെ ഗോളാക്കി. ഈ ലോകകപ്പിൽ സ്‌പെയിൻ വഴങ്ങുന്ന ആദ്യ ഗോളായിരുന്നു അത്. തുടർച്ചയായി 649 മിനിറ്റിന് ശേഷമാണ് സ്പാനിഷ് വല കുലുങ്ങിയത്.
രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം വീണ്ടും സ്‌പെയിൻ ഏറ്റെടുത്തു. യമാൽ, പെഡ്രി, ഫെറാൻ ടോറസ്, നിക്കോ വില്യംസ് എന്നിവർ ചേർന്ന് നിരന്തരം ആക്രമണം നടത്തിയെങ്കിലും ബെൽജിയം പ്രതിരോധവും കോർട്ട്വായുടെ സേവുകളും സ്‌പെയിനിനെ നിരാശപ്പെടുത്തി.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന തോന്നൽ ശക്തമായിരിക്കെ പരിശീലകൻ നടത്തിയ മാറ്റം നിർണായകമായി. 86-ാം മിനിറ്റിൽ ഡാനി ഓൽമോയ്ക്ക് പകരം മെറീനോ കളത്തിലെത്തി. രണ്ട് മിനിറ്റിനകം പാവു കുബാർസിയുടെ ഷോട്ട് പകരക്കാരൻ ഗോൾകീപ്പർ സെന്നെ ലാമ്മെൻസ് കൈവിട്ടപ്പോൾ റീബൗണ്ടിൽ മെറീനോ പന്ത് വലയിലാക്കി.
പോർച്ചുഗലിനെതിരായ പ്രീക്വാർട്ടറിലും ഇൻജുറി ടൈമിൽ വിജയഗോൾ നേടിയ മെറീനോ, ക്വാർട്ടർ ഫൈനലിലും അതേ മികവ് ആവർത്തിച്ചതോടെ സ്‌പെയിൻ വിജയമുറപ്പിച്ചു.
അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ബെൽജിയം ശക്തമായി ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം പിഴച്ചില്ല. ഒരു ഘട്ടത്തിൽ ഗോൾകീപ്പർ ഉനായ് സിമോൺ സ്ഥാനം തെറ്റിയപ്പോൾ ഐമറിക് ലപോർട്ടെയുടെ സമയോചിത ഇടപെടൽ സ്‌പെയിന്റെ ലീഡ് സംരക്ഷിച്ചു. അവസാന വിസിലോടെ വീണ്ടും മെറീനോയുടെ നായകവേഷം ആഘോഷിച്ച് സ്‌പെയിൻ സെമിഫൈനലിലേക്ക് കുതിച്ചു.










